Monday, July 3, 2017

എത്രയും പ്രിയപ്പെട്ട അച്ഛന് - കാഫ്കയുടെ കത്തുകളും ഡയറിക്കുറിപ്പുകളും

kafkacover1

കാഫ്കയുടെ ജീവിതം സംഭവബഹുലമോ അസാധാരണമോ ആയിരുന്നില്ല. ഒരു ക്ഷയരോഗിയുടെ ദാരുണാന്ത്യമായിരുന്നു എന്നതൊഴിച്ചാൽ നഗരവാസിയായ ഒരു മദ്ധ്യവർഗ്ഗയുവാവിന്റെ അധികം ഏറ്റിറക്കങ്ങളില്ലാത്ത ഒരു ജീവിതമായിരുന്നു അത്. ആ നഗരം പ്രാഗ് ആയിരുന്നുവെന്നതും ചെക്ക് ഭാഷ സംസാരിക്കുന്ന തദ്ദേശീയർക്കിടയിൽ ജർമ്മൻ മാതൃഭാഷയായ ജൂതന്യൂനപക്ഷത്തിലായിരുന്നു ജനനമെന്നതും ഒരു ലോകമഹായുദ്ധം തുടങ്ങി അവസാനിച്ചത് ആ കാലഘട്ടത്തിലായിരുന്നുവെന്നതും അതിനെ അടയാളപ്പെടുത്തുന്നുവെന്നു മാത്രം. എന്നിട്ടും പക്ഷേ, ഒരെഴുത്തുകാരന്റെ കൃതികൾ അയാളുടെ ജീവിതത്തോടു ബന്ധപ്പെടുത്തി വായിക്കുക എന്ന ദുർവിധി കാഫ്കയെയാണ്‌ ഏറ്റവുമധികം ബാധിച്ചത്. അങ്ങനെ കാഫ്കയുടെ ഓരോ കൃതിയും ആ ജീവിതത്തിന്റെ അടിക്കുറിപ്പുകളായി വായിക്കപ്പെട്ടു. എഴുത്തുകാരന്റെ ജീവിതത്തിന്റെ വിശദാംശങ്ങളിലൂടെ വായിച്ചാൽ മാത്രം അർത്ഥവ്യക്തത വരുന്നത്ര കൃതികൾ പരാധീനങ്ങളായി. അതിനു കാരണം ‘കരുണയർഹിക്കുന്ന ഒരു രക്തസാക്ഷി’യായി കാഫ്കയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ഉറ്റ സ്നേഹിതൻ മാക്സ് ബ്രോഡിന്റെ മുൻവിധികളാവാം. മാനസികാപഗ്രഥനത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും വിചിത്രമായ ചേരുവയായി ആ രചനകളെ വായിച്ച ആദ്യകാലവ്യാഖ്യാതാക്കളാവാം. ഇന്നു പക്ഷേ ആ കൃതികളെ അവയുടെ സ്വപ്രകാശത്തിൽ വായിക്കാൻ നമുക്കു കഴിയുമെന്നായിരിക്കുന്നു. എങ്കിൽ, എഴുത്തുകാരന്റെ രചനാജീവിതത്തിലേക്കൊരു നോട്ടം കിട്ടാൻ സഹായിക്കുന്ന പെരിസ്കോപ്പുകളല്ല അയാളുടെ സ്വകാര്യജീവിതത്തിന്റെ രേഖകളെങ്കിൽ, നാമതു പിന്നെന്തിനു വായിക്കണം? ‘സാഹിത്യപരമായ’ ഒന്നും തന്നിലില്ലെന്നും ‘സാഹിത്യം തന്നെ’യാണു താനെന്നുമുള്ള കാഫ്കയുടെ നിരീക്ഷണം തന്നെയാണ്‌ അതിനുള്ള മറുപടി. സ്വന്തം പിതാവിനെ ദീർഘവിചാരണ ചെയ്യുന്ന ആ കത്തു പോലും കാഫ്ക എഴുതിയത് പ്രസിദ്ധീകരിക്കാൻ വേണ്ടിയാവാം. ഫെലിസിനെ, ‘നിർലജ്ജമായ ഒരന്തസാരശൂന്യതയെ’ ലക്ഷ്യമാക്കി എന്തിനദ്ദേഹം ദിവസം രണ്ടും അതിലധികവും കത്തുകൾ തൊടുത്തുവിടണം, ഒരെഴുത്തുകാരന്റെ വ്യഗ്രതയല്ല അതിനു പിന്നിലുള്ളതെങ്കിൽ? ഡയറിക്കുറിപ്പുകൾ പലതും പിന്നീടു കഥകളായി പുനരവതരിക്കുന്നുമുണ്ട്. അതിനാൽ മനഃസാക്ഷിക്കുത്തില്ലാതെ, ഒരു വായനക്കാരന്റെ അവകാശങ്ങളോടെ നമുക്കിവ വായിക്കുകയുമാവാം.

(എത്രയും പ്രിയപ്പെട്ട അച്ഛന്
കാഫ്കയുടെ കത്തുകളും ഡയറിക്കുറിപ്പുകളും)