Thursday, February 11, 2016

കാഫ്ക - ഗ്യാലറിയിൽ

 

 

1526149_603438859728012_56266867_n


ക്ഷയം പിടിച്ച, ശരീരം ശോഷിച്ച ഒരു സർക്കസുകാരി കാലു വേയ്ക്കുന്നൊരു കുതിരയ്ക്കു മേൽ, ഉത്സാഹത്തിനൊരു തളർച്ചയുമില്ലാത്ത കാണികൾക്കു മുന്നിൽ, കണ്ണിൽച്ചോരയില്ലാത്തൊരു റിംഗ് മാസ്റ്ററുടെ ചാട്ടവാർ ചുഴറ്റലിൻ കീഴിൽ കുതിരപ്പുറത്തു ചാഞ്ഞും ചരിഞ്ഞും കാണികൾക്കു നേർക്കു ചുംബനങ്ങളെറിഞ്ഞും അരയ്ക്കു മേലുലച്ചും വിരാമമെന്നതില്ലാതെ മാസങ്ങൾ തുടർച്ചയായി റിംഗിലോടേണ്ടിവരികയാണെങ്കിൽ, ഓർക്കസ്ട്രയുടെയും വെന്റിലേറ്ററുകളുടെയും നിലയ്ക്കാത്ത ഗർജ്ജനത്തിനൊത്തും, ശരിക്കും ചുറ്റികയടികൾ തന്നെയായ കൈയടികളുടെ ഉയർന്നുതാഴുന്ന താളമകമ്പടിയായും ഇന്നതെന്നറിയാത്ത ഭാവിയിലേക്കനിശ്ചിതമായി നീണ്ടുപോവുകയാണ്‌ ആ പ്രകടനമെങ്കിൽ- എങ്കിൽ ഗ്യാലറിയുടെ മുകളറ്റത്തു നിന്നൊരു ചെറുപ്പക്കാരൻ സീറ്റുകളുടെ നിരകൾക്കിടയിലൂടെ നീണ്ടുകിടക്കുന്ന പടികൾ ഓടിയിറങ്ങിവന്ന് റിംഗിലേക്കു ചാടിക്കയറുകയും, സന്ദർഭോചിതമായ സംഗീതമാലപിക്കുന്ന ഓർക്കസ്ട്രയുടെ കാഹളാരവത്തിനിടയിലൂടെ “നിർത്തൂ!” എന്നലറുകയും ചെയ്യുമായിരുന്നു.

പക്ഷേ ഇങ്ങനെയല്ല കാര്യങ്ങളെന്നതിനാൽ; വെള്ളയും ചുവപ്പും ധരിച്ച സുന്ദരിയായ ഒരു യുവതി, വില്ലാശിപായിമാരുടെ വേഷമിട്ടു നെഞ്ചും വിരിച്ചുനില്ക്കുന്ന സഹായികൾ വകഞ്ഞുമാറ്റിക്കൊടുക്കുന്ന തിരശ്ശീലകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന പോലോടിവരികയാണെന്നതിനാൽ; റിംഗ് മാസ്റ്റർ അവളുടെ ശ്രദ്ധയാകർഷിക്കാനായി ഒരു നായയെപ്പോലെ ചൂളിക്കൊണ്ട് നിശ്വാസങ്ങളുതിർക്കുകയാണവളുടെ നേർക്കെന്നതിനാൽ; തന്റെ ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടി അപകടം പിടിച്ചൊരു യാത്രയ്ക്കു പുറപ്പെടുകയാണെന്നപോലെ പുള്ളി കുത്തിയ ആ തവിട്ടുകുതിരയ്ക്കു മേൽ അതീവശ്രദ്ധയോടെ അവളെ എടുത്തിരുത്തുകയാണയാളെന്നതിനാൽ; ചാട്ട വീശി അടയാളം കൊടുക്കാൻ ഇനിയും മനസ്സു വരാതെ നില്ക്കുകയാണയാളെന്നതിനാൽ; ഒടുവിൽ താനറിയാതെയെന്നപോലയാൾ ചാട്ടയൊന്നടിച്ച് അനുമതി കൊടുക്കുകയാണെന്നതിനാൽ; വായും തുറന്ന് കുതിരയ്ക്കൊപ്പമോടുകയാണയാളെന്നതിനാൽ; അവൾ ഓരോ കുതിപ്പെടുക്കുന്നതും കണ്ണു തെറ്റാതുറ്റുനോക്കുകയാണയാളെന്നതിനാൽ; എന്താണവളുടെ വൈദഗ്ധ്യമെന്നന്ധാളിക്കുകയാണെന്നതിനാൽ; സൂക്ഷിക്കണേയെന്ന് ഇംഗ്ളീഷിൽ മുന്നറിയിപ്പുകൾ നല്കുകയാണയാളെന്നതിനാൽ; വളയങ്ങൾ പിടിക്കുന്ന സഹായികളോട് ശ്രദ്ധ തെറ്റിപ്പോകരുതെന്ന് ഉഗ്രശാസന നല്കുകയാണയാളെന്നതിനാൽ; അവൾ ഒടുവിലത്തെ മലക്കം മറിച്ചിൽ എടുക്കുന്നതിനു മുമ്പ് നിശബ്ദമാവാൻ രണ്ടു കൈകളും പൊക്കി ഓർക്കസ്ട്രയോടപേക്ഷിക്കുകയാണയാളെന്നതിനാൽ; അവസാനം നിന്നുവിറയ്ക്കുന്ന കുതിരയുടെ പുറത്തു നിന്ന് കൊച്ചുകുഞ്ഞിനെയെന്ന പോലെ അവളെ എടുത്തിറക്കി, രണ്ടു കവിളത്തും മുത്തം കൊടുത്ത്, ഇത്രയൊന്നും പോരാ സദസ്യരുടെ ഭാഗത്തു നിന്നുള്ള പ്രോത്സാഹനം എന്നൊരു ഭാവം മുഖത്തുവരുത്തുകയാണയാളെന്നതിനാൽ; അവളോ, അയാളുടെ മേൽ താങ്ങി, താനുയർത്തിയ പൊടിപടലത്തിൽ മുങ്ങി, കാൽവിരലൂന്നിനിന്ന്, ഇരുകൈകളും നീട്ടി, തല പിന്നിലേക്കെറിഞ്ഞ്, തന്റെ ആഹ്ളാദത്തിൽ പങ്കു കൊള്ളാൻ സർക്കസ്സുകാരെ മൊത്തം ക്ഷണിക്കുകയാണവളെന്നതിനാൽ- ഇങ്ങനെയാണു കാര്യങ്ങളെന്നതിനാൽ ഗ്യാലറിയുടെ മുകളറ്റത്തിരിക്കുന്ന ആ ചെറുപ്പക്കാരൻ കൈവരിയിൽ മുഖമമർത്തുകയും ഒടുവിലത്തെ മാർച്ചിംഗ് ഗാനത്തിൽ ഒരു ഗാഢസ്വപ്നത്തിലെന്നപോലെ മുങ്ങിപ്പോവുകയും താനറിയാതെ തേങ്ങിക്കരഞ്ഞുപോവുകയും ചെയ്യുന്നു.

(1917)


[ഗ്യാലറിയുടെ കൈവരിയിൽ മുഖമമർത്തി തേങ്ങിക്കരയുന്ന ഈ പ്രേക്ഷകൻ ആരാണ്‌? മനുഷ്യത്വം നഷ്ടപ്പെട്ടൊരു സദസ്സിലെ ഒരേയൊരു മനുഷ്യജീവിയാണോ അയാൾ, ബ്രഹ്മാണ്ഡവിപുലമായ ഒരു പാവക്കൂത്തിന്റെ യാന്ത്രികസ്വഭാവം മനസ്സിലാക്കിയ ഒരേയൊരാൾ? (പൊലിറ്റ്സർ). പ്രവർത്തിക്കാനുള കഴിവു തനിക്കില്ലെന്ന് അയാൾക്കു മനസ്സിലായിരിക്കുന്നുവോ? ഇനി പ്രവർത്തിക്കാൻ അയാൾക്കാഗ്രഹമുണ്ടെങ്കിൽത്തന്നെ, നിസ്സഹായയായ ആ സർക്കസ്സുകാരിയെ ചെന്നു രക്ഷിക്കണമെന്നയാൾക്കുണ്ടെങ്കിൽത്തന്നെ, അങ്ങനെ ഒരു പ്രവൃത്തിക്ക് അയാൾ തുനിഞ്ഞാൽ അത് ആ സർക്കസ്സ് പ്രകടനം മെനഞ്ഞെടുത്തതും, അയാളൊഴിച്ചുള്ളവർക്ക് അനുഭവവുമായ ഒരു (മായിക)യാഥാർത്ഥ്യത്തെ തകിടം മറിക്കുകയല്ലേയുള്ളു? (റെഷ്ക്കെ). ഭാഗഭാക്കാകാതെ മാറിനിന്നു നിരീക്ഷിക്കുന്ന ഒരന്യൻ മാത്രമാണോ പ്രേക്ഷകൻ? കാഴ്ചയുടെ അതിരുകളിലേക്കു തള്ളിനീക്കപ്പെട്ട ഒരു ദയനീയജീവിതത്തിന്റെ നിസ്സഹായതയാണോ അയാൾ വായനക്കാരനു മുന്നിൽ കാട്ടിത്തരുന്നത്? (സ്പാർ). അതോ വന്ധ്യമായ ഒരനുതാപത്തിന്റെ ആവിഷ്ക്കാരം മാത്രമാണോ ആ കണ്ണുനീർ?ഒരു ജീവിതസന്ദർഭത്തിൽ പങ്കാളിയാവുക എന്നത് അതിനെ മനസ്സിലാക്കുന്നതിൽ തടസ്സമാവുകയാണോ?(ബൈൻഡർ)]


No comments:

Post a Comment